



ജിദ്ദ: കഴിഞ്ഞ മാസം 25ന് ജിദ്ദയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരില്‍ 84 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 49 പേരും സൌദി പൌരന്മാരാണ്. രണ്ട് ഇന്ത്യക്കാരുമുണ്ട്. അതേസമയം, തിരിച്ചറിയാനാവാത്ത നിലയില്‍ പല മൃതദേഹങ്ങളും ജിദ്ദ മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുണ്ട്. ഇവയുടെ വ്യത്യസ്ത ദിശകളില്‍നിന്നുള്ള ഫോട്ടോകളെടുത്ത് പ്രത്യേകം നമ്പറുകള്‍ നല്‍കിയാണ് സൂക്ഷിച്ചിരിക്കുന്നത്. കാണാതായവരെ തേടി മോര്‍ച്ചറിയില്‍ എത്തുന്നവര്‍ക്ക് ഫോട്ടോകള്‍ കാണിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍, പല മൃതദേഹങ്ങളും വ്യക്തമായ രീതിയില്‍ തിരിച്ചറിയാന്‍ ഇങ്ങനെയെത്തുന്നവര്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ വിരലടയാള പരിശോധന, ആസിഡ് ടെസ്റ്റ് തുടങ്ങിയ മാര്‍ഗങ്ങളും സ്വീകരിക്കും.
ഈ മാസം രണ്ടുവരെ തിരിച്ചറിഞ്ഞതില്‍ രണ്ട് മൃതദേഹങ്ങളാണ് ഇന്ത്യക്കാരുടേതായി കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശി ശിഹാബാണ് ആദ്യത്തേയാള്‍. എന്നാല്‍ ഔദ്യോഗിക ലിസ്റ്റില്‍ അഹ്മദ് നബീല്‍ എന്ന പേര് കൂടി കാണുന്നുണ്ട്. ഇദ്ദേഹം ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. ഈ പേരുള്ള മലയാളിയെ കാണാതായതായി ഇതുവരെ വിവരം ലഭിച്ചിട്ടുമില്ല.
കാണാതായവരുടെ കൂട്ടത്തിലുള്ള കോഴിക്കോട് പുതിയങ്ങാടി സ്വദേശി നാരാത്ത് ഷാനവാസ്, തമിഴ്നാട്ടിലെ തൃശãിനാപ്പള്ളി സ്വദേശി അമൃതലിംഗം ബാലചന്ദ്രന്‍ എന്നിവരെ ഇതുവരെ കണ്ടെത്തിയില്ല. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ജാമിഅ ഖുവൈസിലെ ജോലി സ്ഥലത്തുവെച്ചാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്. കൂടെയുണ്ടായിരുന്ന ശ്രീലങ്കക്കാരന്‍ അശോകന്‍ രക്ഷപ്പെട്ടു. എന്നാല്‍, പാക്കിസ്ഥാനിയായ ഡ്രൈവര്‍ അബ്ദുല്‍ റഹീം മരിച്ചിരുന്നു.
ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും പേരില്‍ 10 ലക്ഷം റിയാല്‍ (ഏതാണ്ട് ഒന്നേകാല്‍ കോടി രൂപ) നഷ്ടപരിഹാരം നല്‍കുമെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ലിസ്റ്റില്‍ പേരുള്ള സാഹചര്യത്തില്‍ ശിഹാബിന്റെ കുടുംബത്തിന് ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതിന് ശിഹാബിന്റെ സ്പോണ്‍സറുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഭാഗത്തുനിന്ന് സംയുക്തവും ശക്തവുമായ ഇടപെടല്‍ വേണ്ടിവരും. എല്ലാ രേഖകളും കൃത്യമായി സമര്‍പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഇതോടൊപ്പം, ദുരന്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ച വിദേശികള്‍ക്കും സ്പോണ്‍സര്‍ മുഖേന ശ്രമിക്കുകയാണെങ്കില്‍ അധികൃതരില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ട്.
കടപ്പാട് മാധ്യമം ദിനപ്പത്രത്തിനോടും വീഡിയോസും ഫോട്ടോസും എനിക്ക് നല്കിയ സുഹൃത്ത് ഷമീറിനോടും
ജിദ്ദ പ്രളയത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ